ദുബായ് : ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകി. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. ഖത്തറിന് എതിരായുള്ള ബഹിഷ്കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ രണ്ട് പ്രധാന ശക്തികള്‍ തമ്മില്‍ വീണ്ടും അടുത്തിരിക്കുന്നത്. എംബസികള്‍ തുറക്കുന്നിനെ കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയീദും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. 2017ലാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളായി ഖത്തര്‍ മാറുന്നു എന്നായിരുന്നു മറ്റൊരു പ്രധാന വിമര്‍ശനം. എന്നാല്‍, ഈ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചിരുന്നു. 2021ല്‍ സൗദിയും ഈജിപ്തും ഖത്തറിലെ എംബസികള്‍ വീണ്ടും തുറന്നു. ബഹ്റിന് ഇപ്പോഴും ഖത്തറുമായുള്ള അകലം തുടരുകയാണ്. അറബ് ലോകത്തെ ചിരവൈരികളായ ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എംബസികള്‍ വീണ്ടും തുറന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലീഗിലേക്ക് സിറിയ മടങ്ങിയെത്തിയതും അറബ് മേഖലയിലെ മാറുന്ന സമവായങ്ങളുടെ ഫലമായാണ്.