അബുജ: വടക്കന്‍ നൈജീരിയയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 103 പേര് മരിച്ചു. നിരവധിപേരെ കാണാതായി. തിങ്കളാഴ്ച പുലര്‍ച്ചെ ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയില്‍ നൈജര്‍ നദിയിലാണ് അപകടം.
300 പേര് സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരക്കൊമ്പില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മുങ്ങിമരിച്ചവരില്‍ ഭൂരിഭാഗവും ബന്ധുക്കളാണ്. ഇതുവരെ 100 പേരെ രക്ഷപ്പെടുത്തിയതായി നൈജീരിയന്‍ പോലീസ് വക്താവ് ഒകാസന്‍മി അജയ പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണനിരക്ക് ഇനിയും കൂടിയേക്കുമെന്നാണ് സൂചന.
അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. യാത്രക്കാരില്‍ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രദേശവാസികള്‍ സംഭവമറിഞ്ഞത്. ആഫ്രിക്കയിലെ ഏറ്റവും നീളംകൂടിയ നദികളായ നൈദര്‍, ബെന്യൂ എന്നിവയുടെ സംഗമസ്ഥാനത്തിന് സമീപമായ ഈ പ്രദേശത്ത് മുന്‍പും സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2021 മെയ് മാസം നൈജറിലുണ്ടായ ബോട്ടപകടത്തില്‍ 106 പേരാണ് മരിച്ചത്. നേരത്തെ മേയ് മാസത്തില്‍ നൈജീരിയയിലെ സോകോട്ടോയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചിരുന്നു.