വാട്ടർ ഗേറ്റ് വിവാദമടക്കം പ്രമാദമായ നിരവധി വിവാദ ചുഴികൾ ഉണ്ടായിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് പദത്തിനു ചുറ്റും. എന്നാൽ രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന ദുര്യോഗമാണ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ന് തേടിയെത്തിയത്. പ്രതിരോധ രഹസ്യങ്ങള്‍ അടക്കമുള്ള സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ട് പോയ കേസിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തത്. 247 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ദേശസുരക്ഷാ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം എഫ്ബിഐ ട്രംപിന്റെ മാര്‍ അലാഗോയിലെ വസതിയിലും ന്യൂയോര്‍ക്കിലെ ട്രംപ് ഗോള്‍ഫ് ക്ലബിലും നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആണവ രഹസ്യങ്ങളടക്കമുള്ള ഫയലുകളാണ് കണ്ടെത്തിയിരുന്നത്. കുറ്റക്കാരനല്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ച ട്രംപിനെ ജാമ്യത്തില്‍ വിട്ട കോടതി 37 കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. രേഖകള്‍ പൂഴ്ത്തിവയ്ക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍, ഗൂഢാലോചന, നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാകും മയാമി ഫെഡറല്‍ കോടതിയില്‍ വാദം തുടരുക.
അതിനിര്‍ണായക അമേരിക്കന്‍ രേഖകള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്ത മയാമി ഫെഡറല്‍ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നു എന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ട്രംപിന് മയാമി കോടതിയിലെ അറസ്റ്റ് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. പുതിയ കേസ് കൂടുതല്‍ മുറുകുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരേണ്ട വര്‍ഷം മുഴുവന്‍ കോടതിയില്‍ പെട്ടുപോകുമെന്നാണ് ട്രംപ് ക്യാമ്പിന്റെ പേടി.
സ്റ്റോമി ഡാനിയല്‍സ് എന്ന പോണ് താരത്തിന് തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കൈക്കൂലി നല്കിയ കേസില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് മന്‍ഹാട്ടന്‍ കോടതിയിലെത്തി കീഴടങ്ങിയിരുന്നു. എഴുത്തുകാരിയായ ഇ ജീന്‍ കരോളിന്റെ മീടൂ വെളിപ്പെടുത്തലടക്കമുള്ള പീഡന പരാതികള്‍ക്കൊപ്പം ട്രംപിനെതിരെ മറ്റ് നിരവധി കേസുകളും നിലവിലുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.