കമ്പം: അരിക്കൊമ്പന്റെ ഭീതിയൊഴിഞ്ഞതോടെ കമ്പത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. നേരത്തെ, അരിക്കൊമ്പൻ കമ്പം മേഖലയിൽ തമ്പടിച്ച സമയത്ത് ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് കമ്പം മേഖലയിലെ നിയന്ത്രണങ്ങൾ നീക്കിയത്.
മേയ് 27നായിരുന്നു അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതിന് പിന്നാലെ സുരുളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന മേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. ഇതോടെയാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. കമ്പം മേഖലയിൽ അരിക്കൊമ്പനെ പിടികൂടുന്നത് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുണ്ടൻതുറൈയിൽ തുറന്നുവിട്ട അരിക്കൊമ്പൻ നിലവിൽ കോതയാര്‍ ഡാം പരിസരത്താണുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘം നിരീക്ഷിക്കുന്നുണ്ട്.