


കൊച്ചി : താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി. അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി. അത് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ല. താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തിൽ പറയുന്നു.
ശ്വേതയുടെ ഫേസ്ബുക്ക് കുറിപ്പ് :-
പ്രിയപ്പെട്ട അമ്മ അംഗങ്ങളേ, സ്നേഹപൂർവം നമസ്കാരം.
2026 ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ ചർച്ചകളും തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളും എല്ലാ അംഗങ്ങളും നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്തതാണ്. ആ സംഭവങ്ങൾ പല അംഗങ്ങൾക്കും വിഷമവും നിരാശയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് ഞങ്ങൾ പൂർണമായി മനസ്സിലാക്കുന്നു.
ഞങ്ങളുടെ കമ്മിറ്റിയിൽ നിന്ന് അനുഭവക്കുറവ് മൂലമുണ്ടായ പിഴവുകൾ ആത്മാർത്ഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവ തിരുത്തുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിച്ചുവരുന്നു. അതിനാൽ 2026 ജൂൺ 21 മുതൽ ഇന്നുവരെ AMMAയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അംഗസേവനങ്ങൾക്കും യാതൊരു തടസവും നേരിട്ടിട്ടില്ല. അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണ്. ഇനിയും അതേ ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയും ഈ സേവനങ്ങൾ തുടരുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.
AMMAയിലെ ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. ഇതുവരെ നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും സഹകരണത്തിനും ഹൃദയപൂർവം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ വിലപ്പെട്ട പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.