


കോഴിക്കോട് : കോഴിക്കോട് വടകര കടത്തനാട് സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി സുധീർ കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവനൊടുക്കിയ ഇബ്രാഹിം ഹാജി മരിക്കുന്നതിന് മുമ്പ് 22 ലക്ഷം നഷ്ടമായെന്ന് കാണിച്ച് വടകര പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റു പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യും.
സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതിനെ തുടർന്നായിരുന്നു തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകൾ സൃഷ്ടിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.