


ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില് എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി അന്വേഷണം നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി.
സുപ്രിംകോടതി അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവരാണ് രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
കോടിക്കണക്കിന് ഭക്തർ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ ട്രസ്റ്റിന്റെ ഭാഗത്തുനിന്നും സുതാര്യത കുറവുണ്ടായെന്നും, ഇത് ജനങ്ങളുടെ വിശ്വാസത്തെയും വികാരങ്ങളെയും ആഴത്തിൽ മുറിപ്പെടുത്തിയെന്നും ഹരജിയിൽ പറയുന്നു. ഫണ്ട് തട്ടിപ്പിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയമുള്ള ഒരു പ്രത്യേക ഏജൻസിക്ക് മാത്രമേ സാധിക്കൂ എന്ന് ഹരജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇത് പ്രതികൂലമായി ബാധിക്കും. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രമുള്ള സംഘത്തിന് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ സങ്കീർണ്ണതകൾ കണ്ടെത്താൻ കഴിയില്ലെന്നും ഹരജിയിൽ വാദിക്കുന്നു. കേസിൽ ബാങ്ക് രേഖകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ, ഡിജിറ്റൽ ഡാറ്റകൾ എന്നിവ തിരുത്തപ്പെടാനോ നശിപ്പിക്കപ്പെടാനോ സാധ്യതയുള്ളതിനാൽ ഇവ അടിയന്തിരമായി സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.