


കട്ടപ്പന : അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരനെ താന്‍ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ജി സുധാകരനെ ചെറ്റ എന്ന് ഞാന്‍ വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. അദ്ദേഹം കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ്. ചെറ്റത്തരം എന്ന വാക്ക് ഇത്രമാത്രം അശ്ലീലമായി മാറിയത് എന്നുമുതല്‍ ആണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവര്‍ അല്ല ഞങ്ങള്‍. ഞങ്ങള്‍ എല്ലാം ചെറ്റകള് ആണ് എന്നാണോ അതിന്റെ അര്‍ത്ഥം. ഞങ്ങളെ പറ്റി പറയുമ്പോള്‍ ഞാന്‍ പറയുന്ന വാചകമാണിത്. ദശാബ്ദങ്ങളായി ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാചകമാണ്. സാധാരണ പറയുന്നതല്ലേ. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് പറയില്ലേ. അതിന്റെ അര്‍ത്ഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചു എന്നാണോ? അയാളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലയുണ്ടായോ? നിലപാടുകളുടെ വഞ്ചനയല്ലേ കാണിച്ചത്. വഞ്ചകന്, വര്‍ഗ വഞ്ചകന് എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ അര്‍ഥം. നിലപാടുകളുടെ ഭാഗമായി പറയുന്നതല്ലേ.’- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ?
തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞ തനിക്ക് സമനില തെറ്റിയെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. സമനില തെറ്റുന്നത് ആര്‍ക്കാണ് എന്ന് നല്ലോണം കണ്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണം സ്വാഭാവികമായിട്ട് വരും. ചോദ്യം ചോദിക്കാന്‍ ഇത് പത്രസമ്മേളനമല്ലല്ലോ? പൊതുയോഗമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
‘അവിടെ ആരും എന്നെ എതിര്‍ക്കാന്‍ വേണ്ടി വന്നതല്ല. എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ വേണ്ടി വന്നതല്ല. ചില ഘട്ടത്തില്‍ ചില പ്രത്യേക ആവേശക്കാര്‍ ഉണ്ടാവുമല്ലോ. ആവേശത്തിന്റെ ഭാഗമായി ചോദിച്ചതാണ്. ചോദ്യം ചോദിക്കാന്‍ ഇത് പത്രസമ്മേളനമല്ലല്ലോ? പൊതുയോഗമല്ലേ. പൊതുയോഗത്തിന്റെ മുന്നില്‍ നിന്ന് നിങ്ങള്‍ ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ മറുപടി അങ്ങനെ തന്നെയായിരിക്കും. ഇത് സ്വാഭാവികമാണ്. പൊതുയോഗത്തിന് അതിന്റെതായ മര്യാദയുണ്ട്. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അത് കേള്‍ക്കേണ്ട. അതല്ലേ രീതി.’- മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം- ബിജെപി ഡീല്‍ ആരോപണം വിചിത്രം
പാലക്കാട് സിപിഐഎം- ബിജെപി ഡീല്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വിചിത്രമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ധര്‍മ്മടം മണ്ഡലത്തെ കുറിച്ച് പറയുമോ എന്ന് എനിക്ക് അറിയില്ല. മുസ്ലീം നാമധാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നിട്ടുള്ളത്. അതുകൊണ്ടാണോ ഡീല്‍ എന്ന് പറയുന്നത്. അവിടെ 1996ല്‍ ജയിച്ചത് നൗഷാദ് ആണ്. അതും മുസ്ലീം നാമധാരിയാണ്. എങ്ങനെയാണ് ഇത് ബിജെപിയുമായുള്ള ഡീല്‍ ആകുന്നത്? എന്ത് അസംബന്ധവും എഴുന്നള്ളിക്കാന്‍ ഒരു പ്രയാസവുമില്ല. ഇങ്ങനെ എഴുന്നള്ളിക്കുന്നത് എന്തിനാണ്. ഇതിന്റെ ഭാഗമായി നല്ലപോലെ കച്ചവടം നടക്കാന്‍ വേണ്ടിയാണ്. ആരാണ് കച്ചവടം നടത്തിയത് നേരത്തെ. എകെജി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനും എല്ലാം ഒരു സ്ഥാനാര്‍ഥിയായിരുന്നില്ലേ? പച്ചയായി ആര്‍എസ്എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് കോണ്‍ഗ്രസ്. നാണവും ഉളുപ്പും ഇല്ലാതെ ചെയ്തവരാണ് അവര്‍. കോലീബി ഓര്‍മ്മയില്ലേ? പട്ടാമ്പിയില്‍ ഇഎംഎസ് മത്സരിക്കുമ്പോള്‍ ആര്‍എസ്എസ് പ്രമുഖന് പറന്ന് ഇറങ്ങിയില്ലേ. ഇഎംഎസിനെ പരാജയപ്പെടുത്താന്‍ പ്രചാരണം നടത്തി. ജയിപ്പിക്കേണ്ടത് ആര്‍എസ്എസ് നേതാവിനെ അല്ല. കോണ്‍ഗ്രസ് നേതാവിനെയായിരുന്നു’- പിണറായി വിജയന് പറഞ്ഞു.