


കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയില്‍ രണ്ടു സീറ്റുകളില്‍ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്. ആന്തൂരില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.
നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളിയിരിക്കുന്നത്. സിപിഐഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. ഇതോടെ ആന്തൂറില്‍ അഞ്ച് വാര്‍ഡുകളില്‍ സിപിഐഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മാറ്റിവെച്ച അഞ്ചിടത്തെ നാമനിര്‍ദേശ പത്രികയില്‍ രണ്ടെണ്ണമാണ് തള്ളിയത്. അതേസമയം, തര്‍ക്കമുയര്‍ന്ന രണ്ടു വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. 2-ാം വാർഡായ മോറാഴയിൽ കെ രജിതയും, 19-ാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നൽകിയത്.