വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ ട്രംപ് ഭരണകൂടം നിയമിച്ചു. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയില്‍ പരിശീലനം നേടിയ ഇസ്മായില്‍ റോയര്‍, ഭീകരരെ സ്വാധീനിക്കുന്ന തരത്തില്‍ ‘പ്രകോപനപരമായ’ പ്രസംഗങ്ങള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റം ചുമത്തിയ ഇസ്ലാമിക പണ്ഡിതന് ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് നിയമിച്ചത്.
ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള മതസ്വാതന്ത്ര്യ കമ്മീഷനിലെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്കാണ് ഇരുവരുടേയും നിയമനം. ഇരുവരുടേയും നിയമനത്തെ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ലോറ ലൂമര്‍ രൂക്ഷമായി വിമര്‍ശിച്ചു. സുബോധമില്ലാത്തതും അംഗീകരിക്കാനാകാത്തതുമായ നടപടിയാണിതെന്ന് ലോറ ലൂമര്‍ അഭിപ്രായപ്പെട്ടു.
യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റോയറിനെ 2004-ല്‍ യുഎസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എഫ്ബിഐ അന്വേഷണത്തില്‍ അല്‍-ഖ്വയ്ദയ്ക്കും ലഷ്കറിനും റോയര്‍ സഹായം നല്‍കിയതായും കണ്ടെത്തി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വര്‍ഷം മാത്രമാണ് റോയര്‍ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമര്‍ പറയുന്നത്.
2017 ല്‍ ഇയാള്‍ ജയില്‍ മോചിതനായി. ‘വിര്‍ജീനിയ ജിഹാദ് നെറ്റ്വര്‍ക്ക്’ എന്ന സംഘടനയിലെ ഒരു പ്രമുഖ അംഗമായിരുന്നു. യുഎസ് സേനയ്ക്കെതിരെ താലിബാനെ പിന്തുണയ്ക്കുന്ന സംഘത്തിന് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇസ്ലാം ആന്റ് റിലീജിയസ് ഫ്രീഡം ആക്ഷന്‍ ടീമിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയാണ്.
‘പാശ്ചാത്യ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പണ്ഡിതന്’ എന്ന് അറിയപ്പെടുന്നയാളാണ് ഷെയ്ഖ് ഹംസ യൂസഫ്. യുഎസിലെ ആദ്യത്തെ അംഗീകൃത മുസ്ലീം ലിബറല്‍ ആര്‍ട്സ് കോളേജായ സൈതുന കോളേജിന്റെ സഹസ്ഥാപകനാണ്. ബെര്‍ക്ക്ലിയിലെ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭീകരരെ പ്രചോദിപ്പിച്ച പ്രകോപന പ്രസംഗങ്ങള്‍ക്ക് 2016 ല്‍ എന്‍ഐഎ ഷെയ്ഖ് ഹംസ യൂസഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.