ഇസ്ലാമാബാദ് : അഞ്ച് ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്കാന് പാകിസ്ഥാന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിനിടെയാണ് പാകിസ്ഥാന്റെ കള്ളപ്രചാരണത്തിന്, തെളിവ് നിരത്താനാകാതെ പാക് പ്രതിരോധമന്ത്രി കുഴങ്ങിയത്.
അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക ചോദിച്ചപ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ മറുപടി. ഈ വാര്‍ത്ത ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യല്‍ മീഡിയയിലുമുണ്ട്.
പാകിസ്ഥാന് വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കശ്മീരിലാണ് വീണത്. അവരത് സമ്മതിച്ചിട്ടുണ്ട്. പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എങ്കില്‍ ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിടാന്‍ ഏത് പോര്‍വിമാനമാണ് പാകിസ്ഥാന് സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോള്‍ ഖ്വാജ ആസിഫ് മറുപടി നല്‍കിയില്ല.
ഇന്ത്യന്‍ ജെറ്റുകളെ വെടിവയ്ക്കാന്‍ പാകിസ്ഥാന് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി. JF17 ഉം JF10 എന്നീ ചൈനീസ് വിമാനങ്ങള്‍ പാകിസ്ഥാന്റെ പക്കലുണ്ട്. പക്ഷേ അവ ഇപ്പോള്‍ പാകിസ്ഥാനില്‍ നിര്‍മ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാമെങ്കില്‍, പാകിസ്ഥാന് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
നേരത്തെ ഒരു വിദേശചാനലിന് നല്കിയ അഭിമുഖത്തില്‍, പാകിസ്ഥാന് ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഖ്വാജ ആസിഫ് നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചായി മാറിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാന് ഉള്ളത്. മൂന്നു പതിറ്റാണ്ടായി അമേരിക്ക, ബ്രിട്ടന് ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി പാകിസ്ഥാന് ചെയ്തുവരികയാണ് എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.