സന : ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ പതിച്ചതിനുള്ള തിരിച്ചടിയായി യെമനിലെ ഹുദൈദയിൽ ഇസ്രായേൽ പോർ വിമാനങ്ങൾ ബോംബ് വർഷിച്ചു. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്.
യെമൻ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേൽ പോർവിമാനങ്ങൾ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോർവിമാനങ്ങൾ പ്രത്യാക്രമണത്തിൽ പങ്കുചേർന്നതായി ഇസ്രായേൽ അവകാശപ്പെട്ടു. അമേരിക്കയുടെ പൂർണ പിന്തുണയോടെയായിരുന്നു ആക്രമണം. ആളപായവും നാശനഷ്ടങ്ങളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രത്യാക്രമണം വീക്ഷിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പിന്തുണയോടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഫലസ്തീൻ ജനതക്കൊപ്പം അവസാനം വരെ നിലയുറപ്പിക്കുമെന്നും ഹൂതികൾ വ്യക്തമാക്കി.ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് നിർത്തി വെച്ച ബെൻഗുരിയോൺ വിമാനത്താവളം ഇനിയും സാധാരണ നിലയിലായിട്ടില്ല. വിദേശ വിമാന കമ്പനികൾ അനിശ്ചിത കാലത്തേക്ക് സർവീസുകൾ നിർത്തി.
അതിനിടെ, ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. ഗസ്സ പൂർണമായും പിടിക്കാനുള്ള നീക്കങ്ങൾക്കാണ് ഇസ്രായേൽ തുടക്കമിട്ടിരിക്കുന്നത്. ഗസ്സയിലെ 21 ലക്ഷം ഫലസ്തീനികളെ നിർബന്ധിതമായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറ്റിയാവും പദ്ധതിക്ക് തുടക്കം കുറിക്കുക. എന്നാൽ ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് യാത്ര കഴിഞ്ഞതിന് ശേഷമായിരിക്കും ഇസ്രായേൽ പുതിയ പദ്ധതി നടപ്പാക്കുകയെന്നും റിപ്പോർട്ടുണ്ട്. ബന്ദിമോചനത്തിന് ഹമാസ് തയാറായില്ലെങ്കിൽ ഗസ്സ വെടിനിർത്തൽ നീക്കങ്ങളിൽ ഇടപെടാൻ ഒരുക്കമല്ലെന്ന് ഡോണാൾഡ് ട്രംപ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.