തെൽ അവീവ് : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിൽ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ബെൻ ഗുരിയോൺ.
മിസൈൽ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രകാരം മിസൈൽ വീണിടത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു പാസഞ്ചർ ടെർമിനലിൽ നിന്ന് പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തികൾ ഏറ്റെടുത്തു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂത്തി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. മിസൈൽ വിജയകരമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന് അവകാശപ്പെട്ട യഹ്യ സാരി, സുരക്ഷിതമല്ലാത്ത ഇസ്രായേൽ വിമാനത്താവളം ഒഴിവാക്കണമെന്ന് ആഗോള എയർലൈനുകളോട് ആവശ്യപ്പെട്ടു.
അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും, ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യ കുറ്റകൃത്യത്തെ ചെറുക്കുന്നതിനുമായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ഹൂത്തി മിസൈൽ ആക്രമണം വിലയിരുത്തുന്നതിനും ഇസ്രായേലിന്റെ പ്രതികരണം ചർച്ച ചെയ്യുന്നതിനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തും.