വാഷിങ്ടൺ : അമേരിക്കയിൽ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്’ എന്ന പദ്ധതിയുടെ കീഴില്‍ അമേരിക്കയുടെ ഭക്ഷ്യ സമ്പ്രദായം പുനക്രമീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പറഞ്ഞു.
2026 അവസാനത്തോടെ എട്ട് അംഗീകൃത കൃത്രിമ ഭക്ഷ്യ ചായങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ വ്യക്തമാക്കി. കുട്ടികളിലെ വിട്ടുമാറാത്ത രോഗങ്ങൾ ചികിത്സിക്കുന്നതിന് ഭക്ഷണത്തിൽ നിന്ന് അഡിറ്റീവുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് കെന്നഡി പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കയിലെ കുട്ടികള്‍ കൃത്രിമ ഭക്ഷ്യ ചായങ്ങളുടെ വിഷ സൂപ്പിലാണ് കൂടുതലായി ജീവിക്കുന്നതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) കമ്മീഷണര്‍ മാര്‍ട്ടി മക്കാരി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, പ്രമേഹം, കാന്‍സര്‍, ജീനോമിക് തടസ്സം, ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വരും മാസങ്ങളിൽ രണ്ട് കൃത്രിമ ഭക്ഷ്യ ചായങ്ങൾക്കുള്ള അംഗീകാരം പിൻവലിക്കുന്നതിനുള്ള നടപടികൾ ഏജൻസി ആരംഭിക്കുമെന്നും അടുത്ത വർഷം അവസാനത്തോടെ മറ്റ് ആറ് ചായങ്ങൾ ഇല്ലാതാക്കാൻ വ്യവസായവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മക്കാരി പറഞ്ഞു.