ടെൽ അവീവ് : കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 413 പേരുടെ കൂട്ടക്കുരുതി നടത്തിയതിനു പിന്നാലെ ഗസ്സയിൽ കരയുദ്ധം തുടങ്ങുമെന്ന് സൂചന നൽകി ഇസ്രായേൽ. കിഴക്കൻ ഗസ്സയിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ച് ഇസ്രായേൽ സേന. വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദി ഹമാസെന്ന് അമേരിക്ക കുറ്റപ്പെടുത്തി.ഹൂതി മിസൈൽ ആക്രമണം പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. 660ലേറെ പേർക്ക് പരിക്കേറ്റു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ഇസ്രായേൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബയ്ത് ഖാനൂൻ ഉൾപ്പെടെ കിഴക്കൻ ഗസ്സയിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി. ബന്ദികളെ കൈമാറാൻ തയാറായില്ലെങ്കിൽ മാരകമായ ആക്രമണമായിരിക്കും നടക്കുയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹമാസിന് താക്കീത് നൽകി. ഹമാസനെ അമർച്ച ചെയ്യുക, ഇസ്രയേൽ സുരക്ഷ ഉറപ്പാക്കുക എന്നിവയും യുദ്ധലക്ഷ്യങ്ങളാണെന്ന് നെത്യാഹു പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ പൂർണ പിന്തുണയോടെയാണ് ഇസ്രായേലിന്റെ ഗസ്സ ആക്രമണം. ഇസ്രായേലിനെയും അമേരിക്കയെയും ഭീതിയിലാക്കാൻ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനൽകേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യെമനിലെ ഹൂതികൾ അയച്ച മിസൈൽ ആകാശത്തു വെച്ചുതന്നെ പ്രതിരോധിച്ചതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയില് യുദ്ധം പുനരാരംഭിച്ച ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ തെൽ അവീവിലും മറ്റും പതിനായിരങ്ങൾ തെരുവിലിറങ്ങി. എന്നാൽ ആക്രമണം പുനരാരംഭിച്ച നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവായ ഇറ്റമർ ബെൻഗ്വിർ രംഗത്തു വന്നു. ആക്രമണം ഉടൻ നിർത്തി വെടിനിർത്തലിന് ഇരുപക്ഷവും തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങൾ രംഗത്തുവന്നു.