ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം. പാകിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഇറാന് അതിര്‍ത്തി പ്രദേശമായ ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
ചാവേര്‍ ആക്രമണത്തില്‍ 90 പാക് സൈനികരെ വധിച്ചതായി വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു. എന്നാല്‍ സൈന്യം ഇതു നിഷേധിച്ചു. ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരിക്കേറ്റതായുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പാക് സൈനിക ബസ് പൂര്‍ണമായി തകര്‍ന്നു.
സൈനികര്‍ സഞ്ചരിച്ച ഏഴു ബസുകളാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു ബസിലേക്ക്, സ്ഫോടകവസ്തു ഘടിപ്പിച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ, വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് ആക്രമണവും ഉണ്ടായി. പരിക്കേറ്റവരെ ആര്‍മി ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ഹൈജാക്ക് ചെയ്തിരുന്നു.