സ്കോപ്ജെ : വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബ്ബലുണ്ടായ വന്‍തീപിടിത്തത്തില്‍ 50 മരണം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാസിഡോണിയയിലെ സ്കോപ്ജെയില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കുള്ള കൊക്കാനി നഗരത്തിലെ നിശാക്ലബ്ബിലാണ് അപകടമുണ്ടായത്. ഇവിടെ ഏകദേശം 1,500 പേര് ഒരു സംഗീത പരിപാടിക്കായി ഒത്തുകൂടിയതായി വാര്‍ത്താ ഏജന്‍സിയായ എംഐഎ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടിത്തം ഉണ്ടയതെന്നും 100ലധികം പേര്‍ക്ക് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രാദേശിക സംഗീത ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്നിബാധയുണ്ടായത്. നിശാ ക്ലബ്ബില്‍ തീ പടരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘മാസിഡോണിയയ്ക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയതും ദുഃഖകരവുമായ ദിവസമാണ്. ഇത്രയധികം ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്, മരിച്ചവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വേദന അളവറ്റതാണ്.’ നോര്‍ത്ത് മാസിഡോണിയയുടെ പ്രധാനമന്ത്രി ക്രിസ്റ്റിജാന്‍ മിക്കോസ്കി എക്സില്‍ കുറിച്ചു.