ന്യൂയോർക്ക് : അമേരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധത്തിനു ചൈന തിരിച്ചടി നൽകിയതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരേ തിരിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കെതിരേ ഏപ്രിൽ രണ്ടു മുതൽ അധിക തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റശേഷം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞ് വിമർശനം.
വ്യാപാര ചർച്ചകൾക്കായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വാഷിങ്ടൺ സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരായ നിലപാട് പ്രഖ്യാപിച്ചത്. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് ഗോയൽ. 2024ലെ കണക്കുകൾ പ്രകാരം യുഎസും ഇന്ത്യയുമായുള്ള ചരക്കിടപാട് 12920 കോടി ഡോളറിന്റേതാണ്. നേരത്തേ, ഇന്ത്യയെ തീരുവ രാജാവെന്ന് വിളിച്ചിരുന്നു ട്രംപ്.
“”പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങൾ നമുക്കെതിരേ തീരുവ പ്രയോഗിക്കുകയാണ്. ഇനി നമ്മുടെ ഊഴമാണ്. യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, ക്യാനഡ… തുടങ്ങി എണ്ണം പറയാനാവാത്തത്ര രാജ്യങ്ങൾ നമ്മൾ ചുമത്തുന്നതിനെക്കാൾ വലിയ തീരുവ നമുക്കെതിരേ ചുമത്തുകയാണ്. വാഹന രംഗത്ത് ഇന്ത്യ നമ്മളെക്കാൾ 100 ശതമാനം തീരുവയാണ് അധികമായി ചുമത്തുന്നത്. ഇതിനു തുല്യമായ തീരുവ നമ്മളും വൈകാതെ ചുമത്തും”- യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരേ പരസ്പര തീരുവ ചുമത്തുമെന്നും ആര്‍ക്കും ഇളവ് നല്‍കില്ലെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. പരസ്പര തീരുവയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. തീരുവ ഘടനയിൽ തന്നോട് ആർക്കും തർക്കിക്കാനാവില്ലെന്നും ട്രംപ് പറയുന്നു. മറ്റ് രാജ്യങ്ങള്‍ യുഎസിനെ അവരുടെ വിപണിയിൽ നിന്ന് അകറ്റി നിർത്താൻ പണേതര തീരുവ ചുമത്തിയാൽ ചുമത്തിയാല്‍ അതേ നാണയത്തില്‍ നമ്മള് തിരിച്ചടിക്കുമെന്നും ട്രംപ് . നമ്മുടെ ഉത്പന്നങ്ങൾക്ക് ചൈന ഇരട്ടിയും ദക്ഷിണ കൊറിയ നാലുമടങ്ങും അധികമാണു തീരുവ ചുമത്തുന്നത്. ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളെ നാം സൈനികമായി സഹായിക്കുന്നുണ്ട്. അവർ നമ്മുടെ സുഹൃദ് രാജ്യമാണ്. ശത്രുക്കളും സുഹൃത്തുക്കളുമെല്ലാം ഇങ്ങനെയാണു ചെയ്യുന്നത്. ഇതിനിയും അനുവദിച്ചുകൊടുക്കാനാവില്ല.
ചൈനയുടെ വിപണിയില്‍ യുഎസിനെ അനുവദിക്കുന്നില്ല. അങ്ങനെയങ്കില്‍ ചൈനയില്‍ ഉള്‍പ്പെടെ നമ്മുടെ നിക്ഷേപം തിരിച്ചെടുക്കേണ്ടി വരും. എന്ത് വില കൊടുത്തും ഞാനത് ചെയ്യും. ബൈഡൻ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല, എന്നാല്‍ തന്റെ ഭരണകൂടം അത് ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തി ചില രാജ്യങ്ങള്‍ യുഎസിനെ പിഴിഞ്ഞെടുക്കുകയായിരുന്നു. തന്റെ ഭരണത്തിന് കീഴില്‍ ഒരു രാജ്യത്തിനും ഇക്കാര്യം അനുവദിക്കില്ല.
ട്രംപ് അധികാരത്തിലെത്തിയ ഉടൻ ക്യാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരേ 25 ശതമാനവും ചൈനയ്ക്കെതിരേ 10 ശതമാനവും അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ചൈനയ്ക്കെതിരായ ഇറക്കുമതിത്തീരുവ 20 ശതമാനമായി ഉയർന്നിരുന്നു. മറുപടിയായി കഴിഞ്ഞ ദിവസം ചൈന ചില യുഎസ് ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തി. അമേരിക്കയ്ക്കെതിരേ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) നിയമനടപടിക്കും തുടക്കമിട്ടു.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചി, ഗോതമ്പ്, ചോളം, കോട്ടൺ എന്നിവയ്ക്കാണ് ചൈന 15 ശതമാനം അധിക തീരുവ ചുമത്തിയത്. സോയാബീൻ, പന്നി, പഴം, പച്ചക്കറി, അക്വാട്ടിക് ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് പത്ത് ശതമാനം അധിക തീരുവയും ചുമത്തിയിട്ടുണ്ട്. ഈ മാസം പത്തിന് തീരുവകൾ നിലവിൽവരും. ഇതുകൂടാതെ പത്ത് യുഎസ് കമ്പനികളെ വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 100 ബില്യൺ ഡോളറിന്റെ തീരുവകൾ ചുമത്തുമെന്നാണു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രഖ്യാപനം.