വാഷിങ്ടൻ : യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തിവെച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു കടുത്ത നടപടി.യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. ഇക്കാര്യത്തിൽ സെലെൻസ്കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
യുദ്ധം മതിയാക്കണമെന്നു നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല. സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രെയ്ൻ പ്രതിരോധത്തിലാകും. സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടു ട്രംപ് നിർദേശിച്ചു. ജോ ബൈഡൻ സർക്കാർ യുക്രെയ്നിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ട്രംപ് പുതിയ സഹായമൊന്നും അംഗീകരിച്ചിട്ടില്ല.