വാഷിങ്ടൺ : വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വൻ വാഗ്വാദത്തിന് പിന്നാലെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിക്ക് പിന്തുണയുമായി രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യയെ ആക്രമണകാരിയെന്ന് വിളിക്കുകയും അന്തസ്സിനും ബഹുമാനത്തിനും വേണ്ടി പോരാടുന്ന യുക്രൈന് പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. സ്പെയിനിലെയും പോളണ്ടിലെയും നേതാക്കളും സെലെൻസ്കിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഏറ്റുമുട്ടലിനുശേഷം സെലൻസ്കിയുമായി സംസാരിച്ച ഫ്രാൻസിന്റെ മാക്രോൺ, ‘റഷ്യ ആക്രമണകാരിയാണെന്നും യുക്രൈൻ ആക്രമണത്തിന് ഇരയാകുന്ന ജനതയാണെന്നും അഭിപ്രായപ്പെട്ടു. ‘മൂന്ന് വർഷം മുമ്പ് യുക്രൈനെ സഹായിക്കാനും റഷ്യയെ ഉപരോധിക്കാനും നമ്മൾ എല്ലാവരും ഒരുമിച്ചായിരുന്നുവെന്ന് ഞാൻ കരുതുന്നു, അങ്ങനെ തന്നെ തുടരുക. കാരണം യുക്രൈൻ അവരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും കുട്ടികൾക്കും യൂറോപ്പിന്റെ സുരക്ഷയ്ക്കും വേണ്ടി പോരാടുകയാണ്’ -മാക്രോൺ പറഞ്ഞു.
യുക്രൈനിലെ പൗരന്മാരെക്കാൾ സമാധാനം ആഗ്രഹിക്കുന്ന ആരുമില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് അഭിപ്രായപ്പെട്ടു. ‘അതുകൊണ്ടാണ് നമ്മൾ സംയുക്തമായി ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിലേക്കുള്ള പാത തേടുന്നത്. യുക്രൈന് ജർമനിയെയും യൂറോപ്പിനെയും ആശ്രയിക്കാം’ -അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട പ്രസിഡന്റേ, നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല’ -എന്നായിരുന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നിന്റെ പ്രതികരണം. ‘നിങ്ങളുടെ അന്തസ്സ് യുക്രൈൻ ജനതയുടെ ധീരതയെ മാനിക്കുന്നു. ശക്തനായിരിക്കുക, ധൈര്യശാലിയായിരിക്കുക, നിർഭയനായിരിക്കുക. നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി ഞങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തുടരും’ -അവർ ട്വീറ്റ് ചെയ്തു.
‘യുക്രൈൻ, സ്പെയിൻ നിങ്ങളോടൊപ്പം നിൽക്കുന്നു’ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞപ്പോൾ, ‘പ്രിയപ്പെട്ട സെലെൻസ്കി, പ്രിയപ്പെട്ട യുക്രൈൻ സുഹൃത്തുക്കളെ, നിങ്ങൾ ഒറ്റയ്ക്കല്ല’ എന്ന് പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് വ്യക്തമാക്കി.
ഇന്നത്തെ വലിയ വെല്ലുവിളികളെ എങ്ങനെ നേരിടാനാണ് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് തുറന്നു ചർച്ചചെയ്യാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സഖ്യകക്ഷികളും തമ്മിൽ ഉടൻ ഒരു ഉച്ചകോടി നടത്തണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന സംഭവം ഗുരുതരവും നിരാശാജനകവുമാണെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ വിശേഷിപ്പിച്ചു. ‘മൂന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് സെലൻസ്കി ചൂതാട്ടത്തിന് ശ്രമിച്ചുവെന്ന് ട്രംപ് ആരോപിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതമാണ്, ഞാൻ അതിൽനിന്ന് അകന്നുനിൽക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ യുക്രൈനൊപ്പം നോർവേ നിലകൊള്ളുന്നു’ -അദ്ദേഹം പറഞ്ഞു. ‘റഷ്യൻ ഏകാധിപതി വ്ളാഡിമിർ പുടിൻ തന്റെ ആക്രമണ യുദ്ധം തുടരാനുള്ള തീരുമാനമാണ് സമാധാനത്തിനുള്ള ഏക തടസ്സം’ -നോർവേ വിദേശകാര്യ മന്ത്രി മാർഗസ് സാക്നയും പ്രധാനമന്ത്രിക്കൊപ്പം പങ്കുചേർന്നു.
യൂറോപ്യൻ നേതാക്കൾക്ക് പുറമെ കാനഡയും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചു. ‘റഷ്യ നിയമവിരുദ്ധമായും അന്യായമായും യുക്രൈനെ ആക്രമിച്ചു. മൂന്ന് വർഷമായി, യുക്രൈൻ ജനത ധൈര്യത്തോടെയും പ്രതിരോധശേഷിയോടെയും പോരാടി. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവർക്കും പ്രധാനപ്പെട്ട പോരാട്ടമാണ്. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിൽ കാനഡ യുക്രൈനും യുക്രൈൻ ജനയ്ക്കും ഒപ്പം നിൽക്കും’ -കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
യുക്രൈന്- റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ട്രംപും സെലൻസ്കിയും പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്ത്താസമ്മേളനവും റദ്ദാക്കി.
റഷ്യന് യുദ്ധവുമായി ബന്ധപ്പെട്ടും ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് വാഗ്വാദം. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ് രൂക്ഷമായി പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു.
പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു. വേണ്ടി വന്നാൽ യുക്രൈനെ കൈയൊഴിയുമെന്ന് ട്രംപും വൈസ് പ്രസിഡന്റ് വാൻസും മുന്നറിയിപ്പ് നൽകി. തർക്കത്തിന് പിന്നാലെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താൽപ്പര്യപ്പെട്ട യുക്രൈനിലെ ധാതുസമ്പത്ത് കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്.