ന്യൂയോര്‍ക്ക് : അമേരിക്ക നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കാന്‍ ചരിത്രപരമായ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കാനിരിക്കെ, അമേരിക്കന്‍ ജനതയ്ക്ക് മുന്നിലാണ് ട്രംപ് വാഗ്ദാനം മുന്നോട്ടുവെച്ചത്.
‘ഞാന്‍ ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവര്‍ത്തിക്കും, നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കും. നമ്മള് അത് ചെയ്യണം,’- ട്രംപ് അനുയായികളോട് പറഞ്ഞു. ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി നടന്ന വിജയാഘോഷത്തില്‍ 20000 പേരാണ് പങ്കെടുത്തത്. കൊടും തണുപ്പ് അവഗണിച്ച് വിജയാഘോഷ പരിപാടി നടന്ന വേദിക്ക് പുറത്തും ധാരാളം ആളുകള്‍ തടിച്ചുകൂടി.
തിങ്കളാഴ്ച അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ട്രംപ് യുഎസ് കാപ്പിറ്റോളില്‍ എത്തി. ‘അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ, ആരും കാണാന്‍ പ്രതീക്ഷിക്കാത്ത ഫലങ്ങള്‍ നിങ്ങള്‍ ഇതിനകം കാണുന്നുണ്ട്. എല്ലാവരും അതിനെ ട്രംപ് പ്രഭാവം എന്ന് വിളിക്കുന്നു. അത് നിങ്ങളാണ്. നിങ്ങള്‍ തന്നെയാണ് പ്രഭാവം,’- ട്രംപ് പറഞ്ഞു.
‘തെരഞ്ഞെടുപ്പിനുശേഷം, ഓഹരി വിപണി കുതിച്ചുയര്‍ന്നു, അതേസമയം ചെറുകിട ബിസിനസ് ശുഭാപ്തിവിശ്വാസത്തിലാണ്. ബിറ്റ്കോയിന് ഒന്നിനുപുറകെ ഒന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്തു. സോഫ്റ്റ്ബാങ്ക് 10000 കോടി ഡോളര്‍ മുതല്‍ 20000 കോടി ഡോളര്‍ വരെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ പേരില്‍ മാത്രം നടത്തുന്ന നിക്ഷേപങ്ങളാണിവ. ആപ്പിള്‍ സിഇഒ ടിം കുക്കും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്’- ട്രംപ് പറഞ്ഞു.
‘നമ്മുടെ രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കണം. സൂര്യന് അസ്തമിക്കുമ്പോഴേക്കും നമ്മുടെ അതിര്‍ത്തികളിലെ അധിനിവേശം അവസാനിക്കും. നിയമവിരുദ്ധമായി അതിര്‍ത്തി മുറിച്ചു കടക്കുന്നവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വീട്ടിലേക്ക് മടങ്ങും. ദശലക്ഷക്കണക്കിന് ആളുകള്‍ തുറന്ന അതിര്‍ത്തികളിലൂടെ നമ്മുടെ രാജ്യത്തേക്ക് വന്നു. പരിശോധനകളില്ല, ഒന്നുമില്ല. അവരില്‍ പലരും കൊലപാതകികളാണ്.’- ട്രംപ് ഓര്‍മ്മിപ്പിച്ചു. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ അതിര്‍ത്തി സുരക്ഷാ നടപടികളായിരിക്കും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിക്കാന്‍ പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.