ടെല്‍അവീവ് : ഗാസയിൽ താൽക്കാലിക വെടിനിർത്തൽ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്. അവസാന നിമിഷത്തില്‍ ഹമാസ് കരാറില്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ഓഫിസ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കരാറിന്റെ എല്ലാ ഭാഗങ്ങളും ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്ന് മധ്യസ്ഥര്‍ ഇസ്രയേലിനെ അറിയിക്കുന്നതുവരെ മന്ത്രിസഭ യോഗം ചേരില്ലെന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സമാധാന കരാറില്‍ അവസാന നിമിഷ ഇളവുകള്‍ക്കായുള്ള ശ്രമത്തില്‍ ഹമാസ് കരാറിന്റെ ചില ഭാഗങ്ങള്‍ നിരാകരിച്ചുവെന്നുമാണ് ഇസ്രയേല്‍ ആരോപണം. അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തറിന്റെ മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
നൂറുകണക്കിന് പലസ്തീന് തടവുകാരെ മോചിപ്പിക്കുകയും മേഖലയിലെ പല ഭാഗങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ പകരം ആറ് ആഴ്ചയ്ക്കുള്ളില്‍ 33 ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
മൂന്നുഘട്ട സമാധാന കരാറിനാണ് ധാരണയായിട്ടുള്ളത്.ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുന്‍പുതന്നെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.