ജറുസലം : ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ ഹമാസ് അംഗീകരിച്ചു. ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലാണു കരടുരേഖയായത്. 20നു ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന് ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.
ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വിശദാംശങ്ങളില്‍ അന്തിമ തീരുമാനമാകേണ്ടതുണ്ടെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളില്‍ യുഎന്‍ രക്ഷാസമിതി അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ 3 ഘട്ടമായാണു നടപ്പിലാക്കുക. 42 ദിവസമുള്ള ഒന്നാം ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെയും മോചിപ്പിക്കും.
ആദ്യഘട്ടം 16 ദിവസമാകുമ്പോള്‍ രണ്ടാം ഘട്ട ചര്‍ച്ച ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന ബന്ദികളെയും ഹമാസ് വിട്ടയയ്ക്കണമെന്നും പകരമായി പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നു കരടുരേഖ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയും ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറുകയും ചെയ്യാതെ മറ്റു ബന്ദികളെ വിടില്ലെന്നാണു ഹമാസ് നിലപാട്.
ഹമാസിനെ ഇല്ലാതാക്കാതെ സൈന്യം പിന്മാറില്ലെന്നാണ് നെതന്യാഹു സര്‍ക്കാര്‍ നയം. മൂന്നാം ഘട്ടത്തില്‍, ഗാസയില്‍ മരിച്ച ഇസ്രയേല്‍ പൗരന്മാരായ ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി കൈമാറും. ഈ ഘട്ടത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 35 വര്‍ഷത്തെ ഗാസ പുനര്‍നിര്‍മാണ പദ്ധതി ആരംഭിക്കും.