ദോഹ : ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട അന്തിമ കരാർ ഉടനെന്ന് സൂചന. ഹമാസ്, ഇസ്രായേൽ സംഘങ്ങളും മധ്യസ്ഥ രാജ്യങ്ങളും ദോഹയിൽ അവസാനവട്ട ചർച്ചയിലാണ്. ദോഹയിലെത്തിയ ഹമാസ് സംഘവുമായി ഖത്തർ അമീർ ചർച്ച നടത്തി. കരാർ യാഥാർഥ്യമാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമ്മർദം ചെലുത്തുന്നുണ്ട്. ദോഹ കേന്ദ്രീകരിച്ചുള്ള ചർച്ച വിജയകരമായി പുരോഗമിക്കുന്നതായ ബൈഡൻ വെളിപ്പെടുത്തി. ഗസ്സയിൽ ഉടൻ സമാധാനം പുലരണമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തലിന്റെ ആദ്യഘട്ടം 42 നാളുകൾ നീണ്ടുനിൽക്കുമെന്നും ഇതിനിടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാറിന് മറ്റൊന്നും വിലങ്ങുതടിയാകരുതെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു. ദോഹയിലെത്തിയ ഹമാസ് സംഘവുമായും ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. മുതിർന്ന ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ ഭാഗഭാക്കാകുന്നത്. അനുകൂല കരാറിനു വേണ്ടി ശ്രമം തുടരുന്നതായി ഹമാസ് നേതൃത്വം പ്രതികരിച്ചു.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രെറ്റ് മക്ഗർക് എന്നിവരും കരാർ വൈകില്ലെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. ഇസ്രായേൽ സൈനിക പിൻമാറ്റം സംബന്ധിച്ച അവ്യക്തതകൾ ഇപ്പോഴുംനിലനിൽക്കുന്നുണ്ട്. ഇസ്രായേൽ മന്ത്രിസഭയിലെ ചുരുക്കം മന്ത്രിമാർ ഒഴികെ എല്ലാവരും കരാറിനെ അനുകൂലിച്ചതായാണ് റിപ്പോർട്ട്.