ടോക്യോ : ജപ്പാൻ്റെ തെക്കുപടിഞ്ഞാൻ മേഖലയിൽ ഭൂചലനം. ക്യുഷു മേഖലയിലെ തീരപ്രദേശത്താണ് സംഭവം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തമായ ഭൂചലനമായതിനാൽ ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു മീറ്റർ ഉയരത്തിൽ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം സുനാമി ഭീഷണിയില്ലെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നത്.പ്രാദേശിക സമയം രാത്രി 9:19 ഓടെ ക്യൂഷു മേഖലയിലെ മിയാസാക്കി പ്രിഫക്ചറിലാണ് സംഭവം. കൊച്ചി പ്രിഫക്ചറിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം കടലിൽ 19 മൈൽ ആഴത്തിലാണെന്ന് ജപ്പാൻ അധികൃതർ അറിയിച്ചു.
മിയാസാക്കി, കൊച്ചി പ്രിഫക്ചറുകളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം 4,00,000 പേർ അധിവസിക്കുന്ന നഗരമാണ് മിയാസാക്കി. നഗരത്തിന് സമീപമുള്ള ഇകാറ്റ, സെൻഡായി ആണവനിലയങ്ങളിൽ അസ്വാഭാവികതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ചാനലായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.
തീരമേഖലയിൽനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി നിർദേശം നൽകി. സുനാമി തിരകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുകയോ തീരപ്രദേശങ്ങൾക്ക് സമീപം പോകുകയോ ചെയ്യരുതെന്ന് കാലാവസ്ഥ ഏജൻസി നിർദേശിച്ചു.