ലോസ് ആഞ്ചെലസ് : പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസര്‍ ഗ്രെഗ് വെല്‍സിന്റെ വീടും ഡോള്‍ബി അറ്റ്മോസ് സ്റ്റുഡിയോയും കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ കത്തി നശിച്ചു. ഗ്രെഗ് വെല്‍സിന്റെ കുടുംബ വീടാണ് കത്തിയമര്‍ന്നത്. 2024ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ മ്യൂസിക്കല്‍ ഫാന്റസി ചിത്രമായ വിക്കഡിന്റെ മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് ഗ്രെഗ് വെല്‍സ് പ്രശസ്തനാകുന്നത്.
കാട്ടുതീയില്‍ അദ്ദേഹത്തിന്റെ അത്യാധുനിക ഡോള്‍ബി അറ്റ്മോസ് മിക്സിങ് റൂമും സ്റ്റുഡിയോയും കത്തി നശിച്ചു.
വിക്കഡ്: ഫോര്‍ ഗുഡ് എന്ന സിനിമയുടെ ജോലി പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗ്രെഗ് വെല്‍സിന്റെ വീട് കത്തിയത്. ജീവിതം കഠിനമാണെന്നറിയാമെങ്കിലും ഇത്ര കഠിനമായിരിക്കുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിരവധിപ്പേര്‍ മരിച്ചു. എന്റെയും എന്റെ കുടുംബത്തിന്റേയും അടുത്ത ആളുകള്‍ എല്ലാം സുരക്ഷിതമാണ്. പക്ഷേ, എല്ലാവരും കടുത്ത ദുഃഖത്തിലാണ്. എന്റെ റെക്കോര്‍ഡിങ് ഉപകരങ്ങള്‍ എല്ലാം കത്തി നശിച്ചു. വിവിധ സ്പീക്കറുകള്‍, റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ എല്ലാം കത്തി നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മാലിബു നഗരത്തിലുള്ള തന്റെ വീട് കാട്ടുതീയില്‍ കത്തി നശിച്ചതായി ഗായിക പാരിസ് ഹില്‍ട്ടണ്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. നിരവധി സെലിബ്രിറ്റികളുടെ വീടുകളാണ് കാട്ടുതീക്കിരയായത്.