വാഷിങ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന് റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണം ലഭിച്ചിട്ടില്ലെന്നാണു പുതിയ വിവരം. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രിയെ രൂക്ഷമായി ആക്ഷേപിക്കുന്ന വിഡിയോ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ചർച്ചയായിരുന്നു.
ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിലേക്ക് നെതന്യാഹുവിന് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാക്കളിൽ ഒരാൾ ‘ടൈംസ് ഓഫ് ഇസ്രായേലി’നോട് വെളിപ്പെടുത്തിയത്. ദിവസങ്ങൾക്കുമുൻപ് നടന്ന ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ് നെതന്യാഹു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി യുഎസിലേക്കു തിരിക്കുമെന്നായിരുന്നു നേരത്തെ വാർത്തകളുണ്ടായിരുന്നത്. എന്നാൽ, വ്യാഴാഴ്ചയോടെ തീരുമാനം മാറ്റുകയായിരുന്നുവെന്ന് ഉപദേഷ്ടാവ് വെളിപ്പെടുത്തി.
ആരോഗ്യപ്രശ്നങ്ങൾക്കു പുറമെ നിയമപരമായ വിഷയങ്ങളും യുഎസ് സന്ദർശനത്തിൽ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്ക് നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. രണ്ടു പേരെയും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രയ്ക്കിടെ മറ്റേതെങ്കിലും രാജ്യങ്ങളിൽ അടിയന്തര ലാൻഡിങ് വേണ്ടിവരുമോ എന്ന ഭയമാണ് ഇസ്രായേൽ ഭരണകൂടത്തിനുള്ളത്.
യുഎസ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുവെ ലോകരാഷ്ട്രത്തലവന്മാർ പങ്കെടുക്കാറില്ല. എന്നാൽ, 2017ൽ നിരവധി രാഷ്ട്രങ്ങളിലെ നേതാക്കളെ ട്രംപ് ക്ഷണിച്ചിരുന്നു. ഇത്തവണയും നിരവധി പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലൈ, എൽസാൽവദോർ പ്രസിഡന്റ് നായിബ് ബുകേലെ, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ചിലി മുൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ എന്നിവർക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
ഷി ജിൻപിങ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. പകരം പ്രതിനിധി സംഘത്തെ അയയ്ക്കും. 2023ലെ ഭരണാട്ടിമറിക്കേസിൽ ബ്രസീലിൽ വിചാരണ നേരിടുന്ന ബോൽസനാരോ ക്ഷണം ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്പോർട്ട് തിരിച്ചുലഭിക്കാനായി അഭിഭാഷകൻ നീക്കം നടത്തുന്നുണ്ടെന്നും വിജയിച്ചാൽ ചടങ്ങിൽ സംബന്ധിക്കുമെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മെലോണിയും പങ്കെടുക്കാൻ ആഗ്രഹം അറിയിച്ചു.
ലോക നേതാക്കൾക്കെല്ലാം അനൗദ്യോഗികമായാണ് പരിപാടിയിലേക്ക് ക്ഷണം അയച്ചിരിക്കുന്നതെന്നാണ് ട്രംപുമായി അടുത്തൊരു വൃത്തം ‘സിഎൻഎന്നി’നോട് വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി നെതന്യാഹുവിന് അനൗദ്യോഗിക ക്ഷണം ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഇതുവരെ ഇസ്രായേൽ ഭരണകൂടവും ട്രംപ് ടീമും പ്രതികരിച്ചിട്ടില്ല.
ഏതാനും വർഷമായി ട്രംപും നെതന്യാഹുവും തമ്മിൽ അത്ര സൗഹൃദത്തിലല്ല. ട്രംപിന്റെ ആദ്യ ഊഴത്തിൽ ഇരുവരും നല്ല ബന്ധമായിരുന്നെങ്കിലും 2020ഓടെ അതിൽ വിള്ളൽ വീണു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ചതായിരുന്നു ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിനുശേഷം പലപ്പോഴായി ഇസ്രായേൽ പ്രധാനമന്ത്രിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം നെതന്യാഹുവിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു ട്രംപ്. ആക്രമണം തടയുന്നതിൽ നെതന്യാഹുവിനു വീഴ്ച സംഭവിച്ചെന്ന വിമർശനം കൃത്യമാണെന്നായിരുന്നു പരസ്യ പ്രതികരണം. നെതന്യാഹു നോക്കിനിൽക്കെയാണു കൂട്ടക്കൊല നടന്നതെന്നും അമേരിക്കയെ അദ്ദേഹം തോൽപിച്ചുവെന്നുമെല്ലാം ട്രംപ് ആക്ഷേപിച്ചു.
എന്നാൽ, ഏതാനും മാസങ്ങൾക്കുമുൻപ് നെതന്യാഹു ഫ്ളോറിഡയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തി. മാർ എ ലാഗോയിലെ ട്രംപിന്റെ റിസോർട്ടിൽ നടന്ന കൂടിക്കാഴ്ച നല്ല രീതിയിലായിരുന്നു പിരിഞ്ഞത്. കഴിഞ്ഞ നവംബറിൽ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യം അഭിനന്ദനവുമായി എത്തിയതും നെതന്യാഹു ആയിരുന്നു.
അതേസമയം, കഴിഞ്ഞ ബുധനാഴ്ച ‘ട്രൂത്ത് സോഷ്യൽ’ എന്ന സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ട്രംപ് പങ്കുവച്ച വിഡിയോ വീണ്ടും പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. നെതന്യാഹുവിനെ ആക്ഷേപിക്കുന്ന ഒരു അമേരിക്കൻ പ്രൊഫസറുടെ വിഡിയോ ആയിരുന്നു ഇത്. കടുത്ത അധിക്ഷേപങ്ങൾ നിറഞ്ഞ വിഡിയോയിൽ, നെതന്യാഹു അമേരിക്കയെ ഇറാനെതിരായ യുദ്ധത്തിലേക്ക് തള്ളിയിടുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുറിപ്പോ വിശദീകരണങ്ങളോ ഒന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചതെങ്കിലും നെതന്യാഹുവിനും ഇസ്രായേലിനും അത്ര നല്ല സൂചനയല്ലെന്ന തരത്തിൽ വിലയിരുത്തലുകൾ വരുന്നുണ്ട്.