ബെയ്റൂട്ട് : ലെബനന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന് വിജയിച്ചു. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ്. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന് വിജയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അന്ത്യമായത്. ലെബനന്റെ പ്രസിഡന്റാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് ജോസഫ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന് അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2022 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേല്‍ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല.
സായുധ സംഘമായ ഹിസ്ബുല്ലയും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തി ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ പ്രസിഡന്റ് എത്തുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജോസഫ് ഔന് സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞു. ലെബനന് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി ജോസഫ് ഔന് പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.