റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കില്‍ വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാന നഗരമായ റിയാദ്, സെന്‍ട്രല്‍ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നല്‍കിയിരുന്നു. ഇന്നലെ മുതല്‍ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്.
കിഴക്കന്‍ നഗരങ്ങളായ അല്‍ അഹ്സ, ജുബെയ്ല്‍, അല്‍ഖോബാര്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില ഗണ്യമായി കുറയും. മോശം കാലാസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. താഴ്വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.