മോസ്കോ : 72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കസാഖിസ്ഥാനിലെ അക്തൗ ഏരിയയ്ക്ക് സമീപമാണ് സംഭവം. അസര്ബൈജാന് എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. ഗ്രോസ്നിയിലെ മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന് മുകളില്‍ നിരവധി തവണ റൗണ്ട് ചെയ്ത ശേഷമായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
52 രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയതായി കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്ക് വ്യക്തമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.