ബ്രസീലിയ : ബ്രസീലില്‍ ചെറു വിമാനം തകര്‍ന്ന് 10 പേര് മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബ്രസീലില്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസണ് ആയതിനാല്‍ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നതും വിനോദസഞ്ചാരികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു.
വിമാനം ആദ്യം നഗരത്തിലെ ഒരു കെട്ടിടത്തിന്റെ ചിമ്മിനിയും പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചു കയറിയതായി ഏജന്‍സി വ്യക്തമാക്കുന്നു. ഒരു ഫര്‍ണിച്ചര്‍ കടയിലേയ്ക്ക് ഇടിച്ചു കയറിയതോടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കനത്ത പുകയില്‍ ശ്വാസതടസം അനുഭവപ്പെട്ടുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.
കുടുംബത്തോടൊപ്പം സാവോ പോളോ സ്റ്റേറ്റിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ബ്രസീലിയന്‍ ബിസിനസുകാരനായ ലൂയിസ് ക്ലോഡിഗോ ഗലീസിയാണ് വിമാനം പറത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.