അമ്മാൻ : സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു. സിറിയയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം സിറിയയിലെ പുതിയ ഇസ്ലാമിക നേതാക്കളുമായി ബൈഡന് ഭരണകൂടം ചര്‍ച്ച ചെയ്ത് വരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഉച്ചകോടിയില്‍ അറിയിച്ചു. ബൈഡന് ഭരണകൂടവും അസദിനെ പുറത്താക്കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇതാദ്യമായാണ് ഒരു യുഎസ് ഉദ്യോഗസ്ഥന് സ്ഥിരീകരിക്കുന്നത്.
ബൈഡനുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്ക് ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്ന് ബ്ലിങ്കന്‍ ജോര്‍ദാനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ട്രാന്സിഷന് കാലയളവില്‍ വിമത ഗ്രൂപ്പ് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ രൂപീകരണം എങ്ങനെയായിരിക്കുമെന്നും നിരീക്ഷിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പ്രധാനമാണെന്ന് അമേരിക്ക വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സമാധാനപൂര്‍ണവും സുസ്ഥിരവുമായ ഒരു അധികാരക്കൈമാറ്റം സിറിയയില്‍ ഉണ്ടാകണമെന്നാണ് ജോര്‍ദാന്‍ ആഗ്രഹിക്കുന്നതെന്ന് കിംഗ് അബ്ദുള്ള അഭിപ്രായപ്പെട്ടു. സിറിയന്‍ ജനതയുടെ സുരക്ഷയും സമാധാനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയിലൂന്നിയാണ് ജോര്‍ദാനില്‍ ചര്‍ച്ച നടന്നത്.