ദമാസ്കസ് : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
‘അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്കോയില്‍ എത്തിയിട്ടുണ്ട്, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അവര്‍ക്ക് അഭയം നല്‍കിയത്,’- ക്രെംലിന് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്നലെ മുഴുവന്‍ ബാഷര്‍ അസദ് എവിടെ എന്ന ദുരൂഹത ഉയര്‍ന്നിരുന്നു. വിമതര്‍ തലസ്ഥാനം പിടിച്ചെടുക്കുന്ന സമയത്താണ് ദമാസ്കസ് വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ വിമാനം പറന്നുയര്‍ന്നത്.
അസദിന്റെ വിമാനം തുടക്കത്തില്‍ സിറിയയുടെ തീരപ്രദേശത്തേക്കാണ് പറന്നത്. അസദിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. എന്നാല്‍ പെട്ടെന്ന് യൂ-ടേണ്‍ എടുത്ത് കുറച്ച് മിനിറ്റ് എതിര് ദിശയിലേക്ക് പറന്ന വിമാനം പിന്നീട് മാപ്പില്‍ നിന്ന് അപ്രത്യക്ഷമായതോടെയാണ് ബാഷര്‍ അസദ് എവിടെ എന്നതിനെ സംബന്ധിച്ച ദുരൂഹത ഉയര്‍ന്നത്. വിമാനം വെടിവച്ചിട്ടോ അല്ലെങ്കില്‍ ട്രാന്‍സ്പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്തോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്.
ബാഷര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് വിമത സൈന്യം സിറിയ പിടിച്ചടക്കിയത്. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. ‘കഴിഞ്ഞ 50 വര്‍ഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിലായിരുന്നു. 13 വര്‍ഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കല്‍ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സിറിയ സ്വതന്ത്രമായിരിക്കുന്നു. പുതിയ സിറിയ പരസ്പര സഹകരണത്തോടെയാകും ഇനി പ്രവര്‍ത്തിക്കുക’-വിമത സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ ദമാസ്കസില്‍ സ്ഥാപിച്ചിരുന്ന ബാഷര്‍ അല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.