വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറായി നാമനിർദേശം ചെയ്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേൽ, സിഐഎയുടെ ഡയറക്ടറാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കാഷ് പട്ടേല്‍ എത്തുന്നത്.
ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കാഷ്. ഒന്നാം ട്രംപ് ഭരണകൂടത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് പട്ടേലായിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേല്‍ നടത്തിയത്.
ഐഎസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു.
1980ല്‍ ന്യൂയോര്‍ക്കിലെ ഗാര്ഡന് സിറ്റിയിലാണ് കാഷ് പട്ടേല്‍ ജനിച്ചത്. നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടറുടെ മുതിര്‍ന്ന ഉപദേശകനായും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.