വാഷിങ്ടണ്‍ : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ നടപടിയില്‍ ആശങ്ക അറിയിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍. വിഷയം ഐസിസിയുടെ അധികാര പരിധിയില്‍ വരുന്നില്ലെന്നും പരിമിതമായ അധികാരപരിധിയിലുള്ള കോടതിയാണ് ഐസിസിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിന്റെ നടപടിക്രമങ്ങള്‍ അവസാനിച്ച ശേഷം അവസാന ആശ്രയമാണ് ഐസിസി. ഇസ്രയേല്‍ പ്രതിരോധ സേന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇതിനിടെയാണ് ഐസിസി നടപടികള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനെതിരെ ഹമാസിന്റെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐസിസി ഒരു ഇസ്രയേല്‍ രാഷ്ട്രത്തതലവന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമായാണ്. ഐസിസിയുടെ നടപടികള്‍ അസംബന്ധവും വ്യാജവുമാണൊണ് നെതന്യാഹു പ്രതികരിച്ചത്.
അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അറസ്റ്റ് വാറണ്ടുകളല്ല. വധശിക്ഷയാണ് നല്‍കേണ്ടതെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പ്രതികരിച്ചത്. എന്നാല്‍ ഭീകരവാദത്തെ സ്പോണ്സര് ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന് ഇത് പ്രതീക്ഷിക്കാമെന്നാണ് മാത്യു മില്ലര്‍ പ്രതികരിച്ചത്.