ദുബായ് : ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാന്‍ ലക്ഷ്യമിടുന്ന ബുര്‍ജ് അസീസി ടവറിന്റെ നിര്‍മാണം 2028ടെ പൂര്‍ത്തിയാകും. 725 മീറ്റര്‍ ഉയരത്തില്‍ 132 നിലകളായി പണി പൂര്‍ത്തിയാകുന്ന കെട്ടിടം ക്വാലാലംപൂരിലെ 679 മീറ്റര്‍ ഉയരമുള്ള മെര്‍ദേക്ക 118നെ മറികടന്ന് ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകും. ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തില്‍ ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ ലോബി, നൈറ്റ്ക്ലബ്, നിരീക്ഷണ ഡെക്ക്, റസ്റ്ററന്റ്, ഹോട്ടല്‍ മുറി എന്നിങ്ങനെ സവിശേഷതകളും ഉണ്ട്.
600 കോടി ദിര്‍ഹം ചെലവ് വരുന്ന ബുര്‍ജ് അസീസി ടവറിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. കെട്ടിടത്തിന്റെ രൂപകല്പനയും നിര്‍മാണവും വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്നും ദുബായിക്ക് ടവര്‍ കൂടുതല്‍ ഖ്യാതിയുണ്ടാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എഇ7 ആര്‍ക്കിടെക്റ്റുകള്‍ പറഞ്ഞു.
ബുര്‍ജ് അസീസിയില്‍ ഷോപ്പിങ് മാളിന് പുറമെ ഏഴ് സാംസ്കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സെവന് സ്റ്റാര്‍ ഹോട്ടല്‍; പെന്റ്ഹൗസുകള്‍, അപാര്ട്ടുമെന്റുകള്, അവധിക്കാല വസതികള്‍, വെല്‍നസ് സെന്റുകള്‍, നീന്തല്‍ക്കുളങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവയുമുണ്ടായിരിക്കും.