ടെല്‍ അവീവ് : ലബനനില്‍ വെടിനിര്ത്തലിനൊരുങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ്. വിഷയത്തില്‍ ഇന്ന് ഇസ്രയേല്‍ ക്യാബിനറ്റ് യോഗം ചേരും. ടെല്‍അവീവിലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആസ്ഥാനത്താണ് യോഗം.
ഞായറാഴ്ച രാത്രി ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില്‍ വെടിനിര്‍ത്തലിനെപ്പറ്റി ആലോചിക്കാമെന്ന് നെതന്യാഹു അറിയിച്ചത്. ചില തടസങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ടെന്നും ഏതാനും ദിവസത്തിനകം വെടിനിര്‍ത്തല്‍ ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു. ലബനനും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് തയ്യാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കഴിയാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈന്‍ ലബനനും ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. സെപ്തംബര്‍ 23 മുതലാണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നത്. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനോടകം മൂവായിരത്തിലധികം പേര് കൊല്ലപ്പെടുകയും ദശലക്ഷത്തിലധികം പേര് പലായനം ചെയ്യുകയും ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.