വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആണ് മുന്നിൽ. ട്രംപിന് 230 ഇലക്ട്രറൽ വോട്ടും കമലയ്ക്ക് 187 ഇലക്ട്രറൽ വോട്ടും എന്ന നിലയിലാണ് ഇപ്പോൾ.
21 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുകയാണ്. ഒക്ലഹോമ, മിസിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരളൈന, മൊണ്ടാന, വയോമിംഗ്, യൂട്ട, ഫ്ലോറിഡ, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ലുയീസിയാന, ഒഹായോ, അയോവ, നെബ്രാസ്ക, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം.
അതേസമയം, ന്യൂജേഴ്സി, മസാച്യുസെറ്റ്സ്, ഇല്ലിനോയ്, ഡെലവേർ, ന്യൂയോർക്ക്, കൊളറാഡോ, വെർമോൺട്, മേരിലാൻഡ്, കണക്ടികട്ട്, കലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗൺ എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ ആറിലും ട്രംപ് തന്നെയാണ് മുന്നിൽ. അരിസോണ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ, ജോർജിയ, നോർത്ത് കാരോളൈന എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുകയാണ്.
രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും.