വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ടെടുപ്പ് നടന്നത് ന്യൂഹാംഷെയറിലെ ഡിക്സ്വിലിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിക്സ്വിൽ നോച്ചിൽ വോട്ടെണ്ണിയപ്പോൾ ട്രംപും കമലയും ഒപ്പത്തിനൊപ്പമാണ്.
ജോർജിയ അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിൽ പ്രദേശിക സമയം രാവിലെ ആറരയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ചില സംസ്ഥാനങ്ങളിൽ എട്ടിനും തെരഞ്ഞെടുപ്പ് ആരംഭിക്കും. അലാസ്ക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യൻ സമയം നാളെ പുലർചെ ഒന്നോടുകൂടിയാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക.
അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും കൃത്യമായി ആരാണ് മുന്നിൽ എന്ന് പറയാനാവത്തതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏഴ് സ്വിങ് സ്റ്റേറ്റുകളിലെ ഫലമാണ് അന്തിമ വിജയിയെ തീരുമാനിക്കുക. അഭിപ്രായ സർവെകളിലും ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമാണ്.
ഇന്ത്യൻ സമയം നാളെ രാവിലെ ആറോടുകൂടി എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിക്കും. ഒപ്പത്തിനൊപ്പമുള്ള തെരഞ്ഞെടുപ്പായതിനാൽ ഫലം വൈകുമെന്നാണ് നിഗമനം. തെരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ വൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.