വാഷിംഗ്ടണ് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട വോട്ടുകളും ഉറപ്പിക്കാനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രമ്പും ശ്രമിക്കുന്നത്. ഇതിനിടെയാണ് അമേരിക്കയിൽ തംരഗമായി മാറിയിരിക്കുകയാണ് കമല ഹാരിസിനായുള്ള പ്രചരണം. ‘യെസ് ഷീ കാൻ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനവും കാമ്പയിനുമാണ് ശ്രദ്ധയേമാകുന്നത്.
സ്ത്രീകളുടെ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന് വൻ പ്രചരണം ലഭിക്കുന്നത്. ബ്ലാക്ക് ഐഡ് പീസ് ഗായകൻ Will.i.am ആണ് കമലയെ പിന്തുണച്ച് യെസ് ഷീ കാൻ എന്ന പേരിൽ ഗാനവും സംഗീത വീഡിയോയും പുറത്തിറക്കിയത്. 2008ൽ ബരാക് ഒബാമയുടെ പ്രചാരണ സമയത്ത് ‘യെസ് വി കാൻ’ എന്ന ഗാനം ജനപ്രിയമായി മാറിയിരുന്നു. ‘യെസ് ഷീ കാൻ’ ഗാനത്തിന്റെ വരികളിൽ അമേരിക്കയുടെ നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
ഇതേറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ‘യെസ് ഷീ കാൻ’ ടീ ഷർട്ട് ധരിച്ചാണ് ഓപ്ര വിൻഫ്രി പങ്കെടുത്തത്. ഓപ്ര വിൻഫ്രെയെ കൂടാതെ കാറ്റി പെറി, വിൽ.ഐ.എം, ലേഡി ഗാഗ, ജോൺ ബോൺ ജോവി, ക്രിസ്റ്റീന അഗ്വിലേര എന്നിവരും കമല ഹാരസിന് പിന്തുണയുമായെത്തി. കഴിഞ്ഞദിവസം നടന്ന കമലയുടെ മൾട്ടി-സിറ്റി റാലിയിൽ ലേഡി ഗാഗ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ ഭാവിയെ മുൻ നിർത്തി വോട്ട് ചെയ്യാൻ താരപ്രചാരകയായ ടെലിവിഷൻ താരം ഓപ്ര വിൻഫ്രി ആഹ്വാനം ചെയ്തു. കടുത്ത പോരാട്ടം നടക്കുന്ന പെൻസിൽവാനിയ, മിഷിഗൺ സംസ്ഥാനങ്ങളിലാണ് ഇരു സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന റാലികൾ നടത്തിയത്. അമേരിക്കയുടെ പുതിയ തുടക്കമാണിതെന്ന് പ്രഖ്യാപിച്ച കമല ജീവിത ചിലവ് കുറക്കാനുള്ള നടപടികളാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രസ്താവിച്ചു.