തെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ 101 പേരെയും ഒറ്റ കൈമാറ്റത്തിലൂടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബം ശനിയാഴ്ച ഇസ്രായേലിൽ ഉടനീളം റാലികൾ നടത്തി. അതേസമയം, ബന്ദികളെ മോചിപ്പിച്ചാൽ ഇസ്രായേൽ ഗസ്സ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനങ്ങൾ. രാഷ്ട്രീയ കാരണങ്ങളാൽ യുദ്ധം അവസാനിപ്പിക്കൽ ഉടൻ സാധ്യമല്ലെന്നാണ് നെതന്യാഹുവിന്റെ നയം.
സമ്പൂർണ വിജയം ഉറപ്പിക്കുന്നത് വരെ ഇസ്രായേൽ ഗസ്സയിൽ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച തെൽ അവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് മുന്നിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. ബന്ദികളുടെ മോചനത്തിനടക്കം ഗസ്സയിൽ ഹമാസുമായി കരാർ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് നെതന്യാഹു സർക്കാറിലെ അതൃപ്തി ആളുകൾ പരസ്യമായി പ്രകടിപ്പിച്ചു. റാലിയിൽ ഹമാസ് മോചിപ്പിച്ചവരും ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും സംസാരിച്ചു.