ടൊറന്റോ : ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ അവസരത്തിൽ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച് കാനഡ. പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയാണ് കാനഡ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊലിവർ ആണ് ആഘോഷങ്ങൾ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ബുധനാഴ്ച നടത്താനിരുന്ന ദീപാവലി ആഘോഷത്തിൽ കൺസർവേറ്റീവ് എം.പി ടോഡ് ഡോഹെർട്ടിയായിരുന്നു ആതിഥേയത്വം വഹിക്കാനിരുന്നിരുന്നത്. ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാന്ഡയ്ക്ക് (ഒഎഫ്ഐസി) ഒരു വിശദീകരണവും നൽകിയിട്ടില്ല.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ആരംഭിച്ചത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്നും ഇന്ത്യ ആരോപിച്ചു.ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കാണിച്ച് കാനഡ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി. കനേഡിയൻ പ്രസിഡന്റ് ട്രൂഡോയെ പേരെടുത്ത് വിമർശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ട്രൂഡോ സർക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.