ഹൂസ്റ്റണ്‍ : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നിരവധി സെലിബ്രിറ്റികള്‍ കമല ഹാരിസിനും ട്രംപിനും പിന്തുണ നല്‍കുന്നുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനു വേണ്ടി വോട്ട് തേടി പോപ്പ് ഗായിക ബിയോണ്‍സെയും എത്തി.
വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണില്‍ നടന്ന കമലയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ബിയോണ്‍സെ എത്തിയത്. ബിയോണ്‍സെയുടെ സ്വദേശമാണ് ഹൂസ്റ്റണ്‍.
സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയിട്ടല്ല ഒരമ്മയെന്ന നിലയ്ക്കാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നാണ് ബിയോണ്‍സെ പറഞ്ഞത്. സ്വന്തം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന, ലോകത്തെക്കുറിച്ച് കരുതലുള്ള, പെണ്മക്കള്ക്ക് അതിര്‍വരമ്പുകളില്ലാതെ ജീവിക്കാനാകുന്ന ലോകത്തിനായി സ്വപ്നം കാണുന്ന അമ്മമാരെല്ലാം കമലയ്ക്ക് വോട്ടുചെയ്യണമെന്ന് ബിയോണ്‍സെ പറഞ്ഞു.
ബിയോണ്‍സെയുടെ 2016-ലിറങ്ങിയ ‘ലെമണേഡ്’ എന്ന ആല്‍ബത്തിലെ ‘ഫ്രീഡം’ എന്ന പാട്ടാണ് കമലയുടെ പ്രചാരണഗനമായി ഉപയോഗിക്കുന്നത്.
വേദിയില്‍ ബിയോണ്‍സെ പാടിയില്ല. 2016-ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണ പരിപാടിയില്‍ ബിയോണ്‍സെ പാടിയിരുന്നു.