ന്യൂഡൽഹി : ഓരോ വർഷവും ഇന്ത്യയിൽനിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ എണ്ണം ശക്തമായി തുടരുന്നതായി റിപ്പോർട്ട്. ജീവൻ പോലും പണയംവെച്ചാണ് പലരും അതിർത്തി കടക്കാൻ ശ്രമിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗുജറാത്തിൽനിന്നാണ് ഏറ്റവുമധികം പേർ ഇത്തരത്തിൽ അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നത്.
2024 സാമ്പത്തിക വർഷം മെക്സികോ, കാനഡ അതിർത്തികളിൽ 2.9 ദശലക്ഷം അനധികൃത കുടിയേറ്റങ്ങൾ കണ്ടെത്തിയെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കണക്കുകൾ പറയുന്നു. ഇതിൽ 90,415 പേരും ഇന്ത്യക്കാരാണ്.
ഇന്ത്യൻ ഏജൻസികളുടെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരിൽ പകുതിയിലധികം പേരും ഗുജറാത്തിൽനിന്നുള്ളവരാണ്. ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ അമേരിക്കൻ അതിർത്തിയിൽ പിടിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാനഡ-യുഎസ് അതിർത്തിയിൽ അറസ്റ്റുകളുടെ എണ്ണത്തിലും വലിയരീതിയിൽ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 43,764 പേരാണ് വടക്കൻ അതിർത്തിയിൽ പിടിയിലായത്. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണിത്.
2023 സാമ്പത്തിക വർഷം 3.20 ദശലക്ഷം ആളുകളെയാണ് അനധികൃതമായി കുടിയേറൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ഇതിൽ മെക്സികോ വഴി കടക്കാൻ ശ്രമിച്ച നിരവധി പേരുമുണ്ട്. 2023ൽ 41,770 ഇന്ത്യക്കാരാണ് മെക്സിക്കൻ അതിർത്തിയിൽ പിടിയിലായത്. എന്നാൽ, 2024ൽ മെക്സികോയിൽ പിടിയിലായത് 25,616 പേരാണ്. പലരും മൊക്സിക്കോക്ക് പകരം മറ്റു വഴികൾ തെരഞ്ഞെടുക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മെക്സികോ വഴിയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിനാലാണ് ഇതുവഴിയുള്ളവരുടെ എണ്ണം കുറഞ്ഞതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ‘കഴുത റൂട്ട്’ എന്നാണ് അനൗദ്യോഗികമായി മെക്സികോ വഴിയുള്ള കുടിയേറ്റം അറിയപ്പെടുന്നത്.
മെക്സികോയിലേക്ക് കൊണ്ടുവരുന്നത് മുമ്പ് മനുഷ്യക്കടത്തുകാർ ആളുകളെ ദുബൈയിലോ തുർക്കിയിലോ ഏതാനും ദിവസം താമസിപ്പിക്കുന്നുണ്ട്. ഇതും മെക്സികോ ഒഴിവാക്കാൻ പലരെയും പ്രേരിപ്പിക്കുന്നു. ഇതിന് പകരം കാനഡയാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്.
തടസ്സങ്ങൾ കുറവായതിനാൽ, കനേഡിയൻ വിസിറ്റിങ് വിസ തരപ്പെടുത്തിയാണ് ഗുജറാത്തികൾ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും വടക്കൻ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിനാൽ അപകട സാധ്യത ഏറെയാണ്. ഇത്രയൊക്കെ കടമ്പകൾ ഉണ്ടെങ്കിലും പിടിക്കപ്പെടുന്നവരുടെ കണക്ക് വളരെ കുറവാണെന്നതാണ് യാഥാർഥ്യം. നല്ലൊരു ശതമാനം പേരും അധികൃതരുടെ കണ്ണുവെട്ടിച്ച് അമേരിക്കയിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം, ഗുജറാത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ അനധികൃതമായി അമേരിക്കയിലേക്ക് പോകുന്നതെന്ന റിപ്പോർട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2012ൽ പറയുന്ന വാക്കുകൾ ഉപയോഗിച്ചാണ് ആളുകൾ ഈ വാർത്ത പങ്കുവെക്കുന്നത്. ‘നിങ്ങളുടെ സ്വപ്നം അമേരിക്കയിലേക്ക് പോവുക എന്നതാകും. എന്നാൽ, എന്റെ സ്വപ്നം കുറച്ച് വ്യത്യസ്തമാണ്. നമ്മുടെ രാജ്യം സമൃദ്ധിയിലേക്ക് കുതിക്കുന്നതോടെ മുഴുവൻ അമേരിക്കക്കാരും ഇന്ത്യൻ വിസക്കായി വരിനിൽക്കും. ഇതാണ് എന്റെ സ്വപ്നം’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്നത്.
‘മോദിജി ഇന്ത്യയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമ്പോൾ എന്തിനാണ് ആളുകൾ അമേരിക്കയിലേക്ക് പോകുന്നത്? മോദി അമേരിക്കയിലെത്തുമ്പോൾ മോദി മോദി എന്ന് വിളിക്കാനാണോ?’ -ഒരാൾ വാർത്ത പങ്കുവെച്ചുകൊണ്ട് ‘എക്സി’ൽ പരിഹസിച്ചു.
2011 മുതൽ 2021 വരെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരുടെ കണക്കുകൾ നേരത്തേ പുറത്തുവന്നിരുന്നു. മെക്സികോ ആണ് ഇതിൽ മുന്നിൽ. രണ്ടാം സ്ഥാനത്ത് എൽ സാൽവാഡോറാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽനിന്ന് 2011ൽ 4.25 ലക്ഷം പേരാണ് കുടിയേറിയത്. 2021 ആയപ്പോഴേക്കും ഇത് 7.25 ലക്ഷമായി ഉയർന്നു. 10 വർഷത്തിനിടെ മെക്സികോയിൽനിന്ന് അനധികൃതമായി കുടിയേറന്നുവരുടെ എണ്ണം 34 ശതമാനം കുറഞ്ഞപ്പോൾ ഇന്ത്യയിൽനിന്ന് ഇത് 70 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മയാണ് അനധികൃത കുടിയേറ്റത്തിന് കാരണമെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറ്റപ്പെടുത്തുന്നുണ്ട്.