ന്യൂഡല്‍ഹി : കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.
‘ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കമ്പനികള്‍ക്ക് കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും,’ ജസ്റ്റിന് ട്രൂഡോ എക്സ് പോസറ്റില്‍ പറഞ്ഞു.
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടിയേറ്റക്കാരുടെ വര്‍ധനവ് രാജ്യത്തെ ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലേക്ക് തള്ളിവിട്ടു, ഇത് ഭവന ആവശ്യവും വിലയും കൂടുതല്‍ വര്‍ദ്ധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.