മോസ്കോ : ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിങ്ങിനും അക്രമത്തിനുമെതിരായി പോരാടാനായി ആഗോള സഹകരണത്തിന് മോദി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, അല്ലാതെ യുദ്ധത്തെയല്ല. ഭീകരവാദത്തെയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായത്തെയും ചെറുക്കുന്നതിന്, നമ്മള് ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ ഇരട്ടത്താപ്പിന് ഇടമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ മൗലികവാദം തടയാന്‍ നാം സജീവമായി നടപടികള്‍ സ്വീകരിക്കണം. ഇതിനായി നമ്മള് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.’- മോദി പറഞ്ഞു.
വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, സൈബര്‍ ഭീഷണികള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ മോദി എടുത്തുപറഞ്ഞു. പണപ്പെരുപ്പം തടയുക, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ആരോഗ്യ സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുക എന്നിവ ലോകത്തെ എല്ലാ രാജ്യങ്ങളും മുന്‍ഗണന നല്കുന്ന വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍, ബഹുമുഖ വികസന ബാങ്കുകള്‍, വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് (ഡബ്ല്യുടിഒ) തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങള്‍ക്കായി വേഗത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്.ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കാന്‍ നിലക്കൊള്ളുന്നു എന്ന പ്രതിച്ഛായയാണ് ബ്രിക്സ് സൃഷ്ടിക്കേണ്ടത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ മാറ്റാന്‍ ആഗ്രഹിക്കുന്ന കൂട്ടായ്മയാണ് ബ്രിക്സ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.