അബൂദബി : അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ.
മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. അൽഗ്രീം ഐലൻഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
പഞ്ചാബ് സ്വദേശിയായ തൊഴിലാളി വാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികളും ഇതിനുള്ളിലേക്ക് വീഴുകയും മരിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർനടപടികൾ പുരോഗമിക്കുകയാണ്.