മോസ്കോ : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്നലെയാണ് നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗൗരവകരമായ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ രസകരമായ ചില നിമിഷങ്ങളുമുണ്ടായി. മോദിക്ക് പരിഭാഷയില്ലാതെ തന്നെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പുടിന് പറഞ്ഞത്. ഇതിന് മറുപടിയായി മോദി ചിരിക്കുകയും ചെയ്തു.
”നമ്മുടെ ബന്ധം ശക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. പരിഭാഷയില്ലാതെ തന്നെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും”, പുടിന്റെ വാക്കുകള്‍ കേട്ടതും മോദി ചിരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരും അത് കേട്ട് ചിരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി റഷ്യ സന്ദര്‍ശിക്കുന്നതിനാല്‍ ഞങ്ങളുടെ ആഴത്തിലുള്ള സൗഹൃദവും പ്രതിഫലിപ്പിക്കുന്നുവെന്നും ജൂലൈയില്‍ മോസ്കോയില്‍ നടന്ന വാര്‍ഷിക ഉച്ചകോടി എല്ലാ മേഖലകളിലുമുള്ള ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തിയെന്നും മോദി മറുപടി നല്കി.
റഷ്യയിലെ പൈതൃക നഗരമായ കസാനില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് നരേന്ദ്രമോദി എത്തിയത്. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. നിയന്ത്രണരേഖയിലെ സേന പിന്മാറ്റം, പട്രോളിങ് എന്നീ വിഷയങ്ങളില്‍ ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള മോദി-ഷി ജിന്‍ പിങ് ചര്‍ച്ച പ്രസക്തമാകുന്നത്. മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.