കാന്‍ബെറ : ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ കൊളോണിയല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഓസ്ട്രേലിയന്‍ സെനറ്റര്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് മൂന്നാമന് രാജാവിനെതിരെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളെ കാണാന്‍ ചാള്‍സ് രാജാവും കാമില രാജ്ഞിയും ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറ സന്ദര്‍ശിച്ച വേളയിലായിരുന്നു സെനറ്ററുടെ പ്രതിഷേധം.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള് രാജാവിനോട് ഇത് നിങ്ങളുടെ നാടല്ലെന്നും നിങ്ങള്‍ എന്റെ രാജാവല്ലെന്നും പറഞ്ഞ് ലിഡിയ തോര്‍പ്പ് ആക്രോശിച്ചു. ഇതേതുടര്‍ന്ന് ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിക്കാതെ പുറത്തേക്ക് കൊണ്ടുപോയി.
ഇതിനിടെ ‘നിങ്ങള്‍ ഞങ്ങളുടെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ! ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ! ഞങ്ങളുടെ അസ്ഥികള്‍, ഞങ്ങളുടെ തലയോട്ടികള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍. നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു! ഇത് നിങ്ങളുടെ ഭൂമിയല്ല ‘ ലിഡിയ തോര്‍പ്പ് ഉറക്കെ പറഞ്ഞു. പിന്നാലെ തന്നെ സംഭവത്തെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് ഹൗസില്‍ ചാള്‍സ് മൂന്നാമന് പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.
1901ല്‍ രാജ്യം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെ ഒരു സമ്പൂര്‍ണ്ണ റിപ്പബ്ലിക്കായിട്ടില്ല. ചാള്‍സ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവന്. ബ്രിട്ടനുമായുള്ള ഭരണഘടനാപരമായ ബന്ധം ഓസ്ട്രേലിയ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്ന ഓസ്ട്രേലിയന്‍ റിപ്പബ്ലിക് മൂവ്മെന്റ് ഓസ്ട്രേലിയയില്‍ എത്തി ചര്‍ച്ച നടത്തണമെന്നും രാജാവ് തങ്ങളുടെ ആവശ്യത്തിന് വാദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കത്തെഴുതിയിരുന്നു.