കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. സര്‍ക്കാരിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.
ഇന്ന് ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത്തരം വിസകളുടെ പരമാവധി കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് വിസകള്‍ പുനരാരംഭിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ അപേക്ഷകള്‍ ഇന്ന് മുതല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിക്കും.
പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നീക്കം തൊഴില്‍ വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള കുവൈറ്റിന്റെ പ്രതിബദ്ധത കാണിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു.